കുറ്റ്യാടി: ജനത്തിന് ഉപകാരപ്പെടുന്നതിനൊന്നും സർക്കാർ ചെയ്യില്ല, എന്നാൽ കോടികൾ ചുമ്മാതെ തട്ടിക്കളിക്കാനുള്ള പദ്ധതികൾ എത്ര വേണമെങ്കിലും ഉണ്ടാക്കുമെന്ന നിലപാടാണ് സർക്കാർ ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുറക്കാട്ടിരി മാനന്തവാടി റോഡിനുള്ള പോരാട്ടത്തിന് 3 പതിറ്റാണ്ട് കഴിയുമ്പോഴും ജനങ്ങൾ സമരം ചെയ്യണ്ടി വരുന്നതിലൂടെ വ്യക്തമാകുന്നത്.
രാത്രികാല യാത്രാ നിരോധനത്തിന് ശാശ്വത പരിഹാരമാകുന്ന നിർദിഷ്ട പുറക്കാട്ടിരി-കുറ്റ്യാടി- മൈസൂർ ദേശീയപാതയോടും മൂന്നു പതിറ്റാണ്ട് മുമ്പ് 70% പണി പൂർത്തീകരിച്ച സംസ്ഥാന പദ്ധതിയായ പടിഞ്ഞാറത്തറ - പൂഴിത്തോട് ബദൽ റോഡിനോടും അധികൃതർ കാണിക്കുന്ന കടുത്ത അവഗണനക്കെതിരെ ഏപ്രിൽ രണ്ടാം വാരത്തിൽ വയനാട് ജില്ലയിലും, കോഴിക്കോട് ജില്ലയിലുമായി, രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സമര പ്രചരണ വാഹനജാഥ സംഘടിപ്പിക്കുവാൻ കുറ്റ്യാടിയിൽ ചേർന്ന നിർദിഷ്ട മൈസൂർ ദേശീയപാത സമര പ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചു. അതിന് മുന്നോടിയായി എല്ലാ പഞ്ചായത്തുകളിലും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കും. പുറക്കാട്ടിരി-മൈസൂർ ദേശീയപാത കേന്ദ്ര ഗവൺമെന്റിന്റെ സജീവ പരിഗണനയിൽ ഉണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി കോട്ടയം എം.പി.ഫ്രാൻസിസ് ജോർജിനെ അറിയിച്ചത് പ്രതീക്ഷക്ക് വക നൽകുന്നതായി കൺവെൻഷൻ വിലയിരുത്തി. മലബാറിന്റെ സമഗ്ര വികസനത്തിനും കാർഷിക മേഖല തകർന്നടിഞ്ഞ വയനാടിന്റെ ടൂറിസം രംഗത്തുള്ള വളർച്ചക്കും പുനരുദ്ധാരണത്തിനും കാലവർഷക്കെടുതിയിൽ വയനാട് ഒറ്റപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനും ഈ പദ്ധതികൾ യാഥാർത്ഥ്യമാക്കേണ്ടതാണ് എന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേരളത്തിലെ മുഴുവൻ എം.പിമാർക്കും ഈ പ്രദേശത്തെ എം.എൽ.എ.മാർക്കും കേന്ദ്ര ഗതാഗത ഉപരിതല വകുപ്പ് മന്ത്രി, കേരള മുഖ്യമന്ത്രി, കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി, തുടങ്ങിയ ബന്ധപ്പെട്ട എല്ലാവർക്കും സമിതിയുടെ ആഭിമുഖ്യത്തിൽ നിവേദനം നൽകിയിട്ടുണ്ട്. യോഗത്തിൽ ദേശീയപാത വികസന സമിതി വൈസ് ചെയർമാൻ പി.പി. ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. ചെയർമാൻ കെ.എ.ആൻറണി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കൺവീനർ സോജൻ ആലക്കൽ, ഗ്രാമ പഞ്ചായത്ത് അംഗം എ. സി അബ്ദുൽ മജീദ്, ജമാൽ പാറക്കൽ, രാജൻ വർക്കി, ടി.പി ചന്ദ്രൻ, ജോസ് പൂന്തോട്ടം, പ്രവീൺകുമാർ ചാലിൽ, അഭിലാഷ് അരുൺ, ഡൊമിനിക് കളത്തൂർ, ബാലൻ വാഴയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
A strike is coming for the Purakattiri-Kuttyadi-Mysore route.